അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Sunday 9 December 2018

വിദ്യാരംഗം - സ്കൂൾ തല ശില്പശാലകൾ - 2018


സർഗ്ഗപ്രതിഭകളായ ഒട്ടേറെ കുട്ടികളാൽ സമ്പന്നമാണ്  ഈ വിദ്യാലയം. അവരുടെ സർഗ്ഗശേഷിയെ തേച്ചുമിനുക്കി പുതിയ തെളിച്ചം നൽകുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച സ്കൂൾതല വിദ്യാരംഗം ശില്പശാലകളെ കുട്ടികൾ ആവേശപൂർവ്വം സ്വീകരിച്ചു. തുടർച്ചയായ പ്രവൃത്തി ദിനങ്ങൾക്കിടയിൽ കിട്ടിയ ഒരു അവധി ദിവസമായിട്ടു പോലും 2018 നവംബർ 10-ാം തീയതി ശനിയാഴ്ച സ്കൂളിനെ സംബന്ധിച്ചിടത്തോളം  ഒരു ഉത്സവദിനം തന്നെയായിരുന്നു.

ഉദ്ഘാടനം

കൃത്യം 9.30 ന് തന്നെ ശില്പശാലകൾ ആരംഭിച്ചു. നാടകം - കവിതാലാപനം - അഭിനയം - നാടൻപാട്ട് ശില്പശാലകളിൽ പങ്കെടുക്കാനെത്തിയ കുട്ടികളെ ഒന്നിച്ചിരുത്തി ശില്പശാലകളുടെ സംയുക്ത ഉദ്ഘാടനം നടത്തി.  "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും " എന്ന കുഞ്ഞുണ്ണിക്കവിതയെ വരയിലൂടെ ആവിഷ്കരിച്ച്   നാടകപ്രവർത്തകനും ചിത്രകാരനുമായ അരിയല്ലൂർ സുബ്രഹ്മണ്യൻ ചടങ്ങിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. നാടൻ പാട്ടുകലാകാരനും കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫോക് ലോർ ഗവേഷക വിദ്യാർത്ഥിയുമായ അതുൽ നറുകരയുടെ നാടൻപാട്ട് ചടങ്ങിനെ ഭാവഗംഭീരമാക്കി. ചിത്രകാരനും പൂക്കോട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകനുമായ രവീന്ദ്രൻ ഏലങ്കോടിന്റെ സാന്നിധ്യവും ചടങ്ങിനെ ശ്രദ്ധേയമാക്കി. ഔപചാരികതകളില്ലാതെ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഗിരിജ ടീച്ചർ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി.

നാടൻപാട്ടുപൂരം

പ്രസ്വമായ ഉദ്ഘാടനച്ചടങ്ങിനു ശേഷം മൂന്നു വേദികളിലായി ശില്പശാലകൾ ആരംഭിച്ചു.   നാടകപ്പൂരത്തിന് അരിയല്ലൂർ സുബ്രഹ്മണ്യനും നാടൻ പാട്ടു പൂരത്തിന് അതുൽ നറുകരയും വരപ്പൂരത്തിന് രവീന്ദ്രൻ ഏലങ്കോടും നേതൃത്വം നൽകി. നാടൻ പാട്ടുകളുടെ ഉദ്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും മനോഹരമായി വർണ്ണിച്ചു കൊണ്ടാണ് അതുൽ നറുകര നയിച്ച നാടൻപാട്ട് ശില്പശാല ആരംഭിച്ചത്. തലമുറകളായി കൈമാറി വരുന്ന വാമൊഴിപ്പദങ്ങളാണ് നാടൻപാട്ടുകൾ എന്നും  കീഴാള സമുദായങ്ങളിൽ നിന്ന്  ഉയർന്നു വന്ന നാടൻ പാട്ടുകൾ എല്ലാംതന്നെ ജന്മിത്തത്തിനും ചൂഷണത്തിനും എതിരായിരുന്നു എന്നും അതുൽ  ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. സ്വന്തം അധ്വാനവും ആരോഗ്യവും അഭിമാനവും ചൂഷണം ചെയ്യുന്ന ജന്മിത്ത വ്യവസ്ഥയോട് പ്രതിഷേധിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗം തന്നെയായിരുന്നു നാടൻ പാട്ടുകൾ .. തോറ്റംപാട്ടുകളെക്കുറിച്ച് വിശദീകരിച്ചും പൊട്ടൻ തെയ്യത്തെ പരിചയപ്പെടുത്തിയും അതുൽ പാടിയ "ഏങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോരാ ..നീങ്കളെ കൊത്ത്യാലും ഒന്നല്ലേ ചോരാ .." എന്ന നാടൻ പാട്ട് സദസ്സിനെ ചിന്തിപ്പിക്കാനുതകുന്നതായിരുന്നു.
തെയ്യം എന്നാൽ ദൈവം എന്നാണർത്ഥമെന്നും തെയ്യം കെട്ടുന്ന ദിവസം അടിയാളൻ  ദൈവമായി മാറുകയാണെന്നും അന്നേ ദിവസം ദൈവത്തിന്റെ  കല്പനകൾ കേൾക്കാനായി തമ്പ്രാൻ വിനയത്തോടെ നിൽക്കുമെന്നും അതുൽ വിശദീകരിച്ചു. തമ്പ്രാന്റെ ദുഷ്ച്ചെയ്തികൾക്കെതിരെ  പാട്ടിലൂടെ പ്രതിഷേധിക്കുമ്പോൾ ആളെ തിരിച്ചറിയാതിരിക്കാനാണ് പൊട്ടൻ തെയ്യം മുഖപ്പോളവെച്ച് മുഖം മറയ്ക്കുന്നത് എന്ന വസ്തുത കുട്ടികൾക്കും അധ്യാപകർക്കും പുതിയൊരറിവായിരുന്നു .സ്വന്തം അറിവുകളും കഴിവുകളും കുട്ടികൾക്ക് പകർന്നു കൊടുക്കുന്നതോടൊപ്പം കുട്ടികളുടെ പാട്ടിന് തുടികൊട്ടിയും കുട്ടികളോടൊപ്പം പാടിയും  ഈ അനുഗ്രഹീത കലാകാരൻ നാടൻപാട്ടു പൂരത്തിന് മിഴിവേകി. പുത്തനറിവുകൾ കൊണ്ടും ആലാപന ചാരുത കൊണ്ടും ആസ്വാദനക്ഷമത കൊണ്ടും ഈ നാടൻപാട്ടു പൂരം ഏറെ ശ്രദ്ധേയമായി മാറി.

നാടകപൂരം

നാടൻ പാട്ടു പൂരത്തെക്കുറിച്ച് പറഞ്ഞത് മധുരം, നാടകപ്പൂരത്തെക്കുറിച്ച് പറയാനുള്ളത് അതിമധുരം എന്ന തരത്തിലായിരുന്നു അരിയല്ലൂർ സുബ്രഹ്മണ്യൻ നേതൃത്വം നൽകിയ നാടകപ്പൂരത്തിന്റെ വിശേഷങ്ങൾ..രസകരമായ ചില സംഘ പ്രവർത്തനങ്ങൾ ചെയ്യിച്ച് , കുട്ടികളിൽ സ്വതേ കാണാറുള്ള മടിയും ഉൾവലിയലുകളും കുടഞ്ഞു മാറ്റിയാണ് ഇദ്ദേഹം കുട്ടികളെ നാടകപ്പൂരത്തിന്റെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. നാടിന്റെ അകം തന്നെയാണ് നാടകമെന്നും നാടിന്റെ ഹൃദയത്തുടിപ്പുകളെ സത്യസന്ധമായും ശക്തമായും ആവിഷ്ക്കരിക്കുകയാണ് വേണ്ടതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യത്യസ്തമായ ചെറു ചെറു സന്ദർഭങ്ങൾ നൽകി വ്യക്തിഗതമായും സംഘമായുമുള്ള പ്രകടനങ്ങൾക്ക് അവസരം നൽകിയപ്പോൾ കുട്ടികൾ അവരുടെ കഴിവുകളെല്ലാം പൂർണമായും പുറത്തെടുത്തു. പിന്നീട്  പുറത്ത് പോയി എന്തെങ്കിലും പാഴ് വസ്തുക്കൾ എടുത്തു കൊണ്ടുവരാൻ പറഞ്ഞപ്പോൾ കുട്ടികളുടെ മുഖത്തും അധ്യാപകരുടെ മുഖത്തുമുണ്ടായ വിസ്മയം അല്പസമയം കഴിഞ്ഞതോടെ ഇരട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. . കല്ല്, പൂവ്, ഇല, നാര്, തീപ്പെട്ടിക്കോൽ, സിഗരറ്റ് കൂട്, ചോക്കുകഷണം തുടങ്ങി  എടുത്തു കൊണ്ടുവന്ന സാധനങ്ങൾക്കെല്ലാം   വ്യത്യസ്തമാനം കൈവരുന്ന കാഴ്ച ഏവരേയും വിസ്മയിപ്പിക്കുന്നതായിരുന്നു. വളരെ ചെറിയ ഒരു ചോക്കു കഷണം നിമിഷ നേരം കൊണ്ട്  മാങ്ങയ്ക്കെറിയുന്ന കല്ലായി മാറുന്നു... രണ്ടുപേർ തമ്മിലുള്ള അടിപിടിയിൽ പൊഴിഞ്ഞു വീഴുന്ന പല്ലായി മാറുന്നു .. മൃതദേഹത്തിന്റെ മൂക്കിലെ പഞ്ഞിയായും  ആത്മഹത്യ ചെയ്യാൻ കഴിക്കുന്ന ഉറക്കഗുളികയായും മാറുന്നു .. ഒരാളുടെ കയ്യിൽ ഷേവിങ്ങ് ക്രീം പുരട്ടുന്ന ബ്രഷായി മാറുന്ന പൂവ് മറ്റൊരാളുടെ കയ്യിൽ മകളെ ഒരുക്കാനുള്ള മേക്കപ്പ്സ്പോഞ്ചായി മാറുന്നു. ചിത്രകാരനായ മറ്റൊരാൾക്ക് ഈ പൂവ്   ചിത്രം വരയ്ക്കുന്ന ബ്രഷാണ്. അതേ സമയം തന്നെ ചിത്രകാരനെ ഇന്റർവ്യൂ ചെയ്യുന്ന ചാനൽ റിപ്പോർട്ടറുടെ കയ്യിലെ മൈക്കായും ഈ പൂവ് മാറുന്നു. ഇനിയൊരാൾ തലമുടി ഡൈ ചെയ്യുന്ന ബ്രഷായാണ് ഈ പൂവിനെ ഉപയോഗിക്കുന്നത് ..  ക്ഷണനേരം കൊണ്ട് കാര്യങ്ങൾ ആസൂത്രണം ചെയ്ത് ഒരേ വസ്തുവിനെ തന്നെ മറ്റൊന്നായി സങ്കല്പിച്ച് വിവിധ സന്ദർഭങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ഓരോരുത്തരും കാണിച്ച മിടുക്ക് എടുത്തു പറയേണ്ടതാണ്. ഒന്നിനെ മറ്റൊന്നായി സങ്കല്പിക്കാനാവുകയും അക്കാര്യം മറ്റുള്ളവർക്ക് മുന്നിൽ അഭിനയിച്ചു ഫലിപ്പിക്കാനാവുകയും ചെയ്യുമ്പോഴാണ് ഓരോരുത്തരും മികച്ച അഭിനേതാവായി മാറുന്നതെന്ന്  അനുഭവത്തിലൂടെ പഠിക്കുകയായിരുന്നു കുട്ടികൾ.. നിസ്സാരമെന്നു കരുതി നാം വലിച്ചെറിയുന്ന പല വസ്തുക്കൾക്കും നാടകാഭിനയത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനും അരിയല്ലൂർ സുബ്രഹ്മണ്യന് സാധിച്ചു.  പങ്കെടുത്ത ഓരോ കുട്ടിക്കും അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് നാടകപ്പൂരം സമാപിച്ചത്.

പ്പൂരം

വരപ്പൂരത്തിന്റെ കാര്യവും വ്യത്യസ്തമല്ല.. സമയ പരിമിതിക്കിടയിലും, വരയുടെ രസതന്ത്രവും നിറക്കൂട്ടുകളുടെ വൈവിധ്യവും കുട്ടികളെ ബോധ്യപ്പെടുത്താൻ രവീന്ദ്രൻ ഏലങ്കോടിനു കഴിഞ്ഞു.പെൻസിൽ വരയിൽ നിഴലും വെളിച്ചവും സൃഷ്ടിക്കുന്ന രീതിയും ചായങ്ങൾ ഉപയോഗിച്ചു വരയ്ക്കുമ്പോൾ അനുവർത്തിക്കുന്ന രീതിയും അവതരിപ്പിച്ചും ഓരോ കുട്ടിക്കും വരയ്ക്കാൻ അവസരം നൽകിയുമായ് ചിത്രപൂരം മുന്നേറിയത്.. പങ്കെടുത്ത കുട്ടികൾക്കെല്ലാം ഏതു ചിത്രവും വരയ്ക്കാനുള്ള ആത്മവിശ്വാസം പകരാൻ  ഇദ്ദേഹത്തിനു സാധിച്ചു എന്ന് നിസ്സംശയം പറയാനാവും.


ചിത്രങ്ങളിലൂടെ.... 










സമാപനം

വരാനിരിക്കുന്ന വലിയ പൂരങ്ങളുടെ തുടക്കമായി മാത്രമാണ് ഞങ്ങൾ ഈ ശില്പശാലകളെ കാണുന്നത് ..  പങ്കെടുത്ത ഓരോ കുട്ടിയും അങ്ങനെ തന്നെയാണ് ആഗ്രഹിച്ചതും അഭിപ്രായപ്പെട്ടതും.


************************************


No comments:
Write comments

Recommended Posts × +