അറിയിപ്പുകൾ/വാർത്തകൾ

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആധരിച്ചു.
* അധ്യാപകലോകം നോവല്‍ രചനാ സംസ്ഥാന അവാര്‍ഡ് ജേതാവ് ഷീജ ടീച്ചര്‍
* മാസ്റ്റേസ് അത്ലസ് മീറ്റ് സംസ്ഥാന ജേതാവ് അബ്ദുല്‍ മുനീര്‍ മാസ്റ്റര്‍

Friday, 31 August 2018

പ്രളയബാധിതരായകുട്ടികൾക്കുവേണ്ടി

എസ്.പി.സി.(സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്) ൻ്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ശേഖരിച്ചു. വയനാട്ടിലും നിലമ്പൂരിലുമുണ്ടായ ഉരുൾപൊട്ടലും വെള്ളപ്പൊക്കത്തിലും വീടുകളും അതോടൊപ്പം പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് തെക്കൻകേരളത്തിലും മലപ്പുറം ജില്ലയിലും കനത്ത വെള്ളപ്പൊക്കം സംഭവിച്ച  പശ്ചാതലത്തിൽ ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്ന ആദ്യം ദിവസം തന്നെ നേരത്തെ നിശ്ചയിച്ച പഠനോപകരണ ശേഖരണത്തിന് രൂപം കാണുകയും അടുത്ത ദിവസം കുട്ടികളുടെ വിഹിതം എസ്.പി.സി. അംഗങ്ങൾ ശേഖരിക്കുകയും ചെയ്തു. സ്കൂളിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നതോ അയൽവീടുകളിലോ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ശേഖരിച്ച നോട്ട് പുസ്തകങ്ങൾ, ബാഗുകൾ, പേനകൾ, ജ്യോമട്രി ബോക്സുകൾ, വാട്ടർബോട്ടിൽ എന്നിവ എസ്.പി.സി. അംഗങ്ങൾ ക്ലാസുകളിൽ ചെന്ന് നേരിട്ട് ശേഖരിച്ചു. ഇവ രണ്ട് പെട്ടിയിലാക്കി 30/08/2018 ന് മലപ്പുറം ജില്ലാ കളക്ടറെ എസ്.പി.സി. അംഗങ്ങൾ നേരിട്ട്  ഏൽപിച്ചു.





സേവന രംഗത്ത് എസ്.പി.സി.


കേരളം അതിൻ്റെ നൂറുവർഷത്തെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വെള്ളപ്പൊക്കം ഇരുമ്പുഴി പ്രദേശത്തെയും ബാധിച്ചു സ്കൂളിൻ്റെ പരിസരപ്രദേശങ്ങളിൽ 250 ലധികം വീടുകളിൽ വെള്ളം കേറിമലിനമായി. വെള്ളം ഇറങ്ങിയ ശേഷം വീടുകൾ ശുചീകരിക്കുക എന്നത് ശ്രമകരമായ ഒരു പ്രവർത്തനമാണ്. സേവനത്തിന് മുന്തിയ പരിഗണന നൽകുന്ന എസ്.പി.സി ഇരുമ്പുഴി യൂണിറ്റ് അതിൻ്റെ ദൌത്യം മറന്നില്ല. വെള്ളമിറങ്ങിയ ഉടനെ വീട്ടിൽ വേണ്ടത്ര അംഗങ്ങളില്ലാത്തിനാലും നാട്ടുകാരുടെ ശ്രദ്ധപതിഞ്ഞിട്ടില്ലാത്തതുമായ ഏതാനും വീടുകൾ ശുചിയാക്കാൻ അധ്യാപകരോടൊപ്പം എസ്.പി.സി കേഡറ്റുകളും അണിചേർന്നു. ഹയർസെക്കണ്ടറി സ്കൂളിലെ വളണ്ടിയേഴ്സും ഉൾപ്പെട്ട 30 ഓളം പേരടങ്ങുന്ന സംഘമാണ് ക്ലീനിംഗ് വർക്കുകൾ നിർവഹിച്ചത്. 




Thursday, 30 August 2018

സ്വതന്ത്ര്യദിനാഘോഷം - 2018

2018 ഓഗസ്ത് 15 കേരളം അഭിമുഖീകരിച്ച പ്രളയദുരന്തത്തിൻ്റെ പശ്ചാതലത്തിൽ നിർദ്ദേശിക്കപ്പെട്ട പ്രകാരം നിറപ്പകിട്ടില്ലാതെ ആചരിച്ചു. വിപുലമായ പരിപാടികൾക്ക് വിദ്യാർഥികൾ തയ്യാറായിരുന്നെങ്കിലും അത്യാവശ്യം ചടങ്ങുകൾ മാത്രം നിർവഹിച്ച് പിരിയുകയായിരുന്നു. പലസ്ഥലങ്ങളിലും വെള്ളക്കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും എസ്.പി.സി. ജെ.ആർ.സി. എൻ.എസ്.എസ്. എന്നിവരും നൂറോളം വിദ്യാർഥികളും പങ്കെടുത്തു. പ്രിൻസിപ്പൾ പതാക ഉയർത്തി, എച്ച്.എം. സ്വതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനവും, പതാക വന്ദനവും നടത്തി ഒരു മണിക്കൂറിനകം ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.


പാർലമെൻ്റ് തെരഞ്ഞെടുപ്പ്- 2018

2018-19 അധ്യയന വർഷത്തിലെക്കുള്ള ക്ലാസ് പ്രതിനിധികളെയും പാർലമെൻ്റ് അംഗങ്ങളെയും കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി സ്കൂളിൽവെച്ച് നടന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് വഴി ഓരോ ക്ലാസിൽനിന്നും രണ്ട് വീതം അംഗങ്ങളെ ബാലറ്റ് പേപ്പർവഴിതെരഞ്ഞെടുക്കുകയും അവരിൽ നിന്ന് കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനായിപരിവർത്തിച്ച് മൂന്ന് ബൂത്തുകളിലാണ് മുഴുവൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യായന വർഷത്തിലെ പ്രധാനമന്ത്രിയെയും പാർലമെൻ്റ് അംഗങ്ങളെയും തെരെഞ്ഞെടുത്തത്. വോട്ടെടുപ്പിൻ്റെ എല്ലാ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് നടത്തിയ രണ്ട് ഘട്ട തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യരീതിയിലുള്ള വോട്ടെടുപ്പ് സംമ്പ്രദായം അനുഭവിച്ചറിയുകയായിരുന്നു വിദ്യാർഥികൾ. ആദ്യഘട്ട വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് നോമിനേഷൻവഴിയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചത്. സ്ഥാനാർഥിപട്ടിക അംസംബ്ലിയിൽവെച്ച് എച്ച്.എം. പുറത്തിറക്കി. തെരഞ്ഞെടുപ്പിന്  എസ്.എസ്. ക്ലബ്ബ് മേൽനോട്ടം വഹിക്കുകയും ലിറ്റിൽകൈറ്റ്സ് സാങ്കേതിക സഹായം നൽകുകകയും ചെയ്തു.




Thursday, 2 August 2018

വായനാവാരം - 2018

കൂട്ടുകൂടാം പുസ്തകച്ചങ്ങാതിമാർക്കൊപ്പം


ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 2018-19 അധ്യയന വർഷത്തിലെ വായനാ വാരം പ്രവർത്തനങ്ങൾക്ക്  ഗംഭീരമായ തുടക്കം...ജൂൺ 19 ചൊവ്വാഴ്ച സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ വായനാവാരം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവിതത്തിൽ വായന എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ടീച്ചർ കുട്ടികളെ ബോധ്യപ്പെടുത്തി. സ്കൂൾ ലൈബ്രറി ചുമതലയുള്ള മധു മാഷ് വായനാ വാരം പ്രവർത്തന രേഖ അവതരിപ്പിച്ചു.  കവിയും പത്താംതരം വിദ്യാർത്ഥിനിയുമായ നജ് വ  അവതരിപ്പിച്ച സച്ചിദാനന്ദൻ കവിതകളുടെ ആസ്വാദനം ഏറെ ഹൃദ്യമായി .

ലൈബ്രറി കാർഡുമായി വരൂ ലൈബ്രറിയിലേക്ക് 

കേവലം ഒരാഴ്ചയിൽ മാത്രമൊതുങ്ങാതെ ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇക്കുറി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓരോ കുട്ടിയും ഈ വർഷം ചുരുങ്ങിയത് നൂറു പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്ന് തീരുമാനമെടുത്തു. നാട്ടിലുള്ള ലൈബ്രറികളിൽ പോയി പുസ്തകമെടുത്തു വായിക്കാൻ പല കുട്ടികൾക്കും സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സ്കൂൾലൈബ്രറി ശാക്തീകരണത്തിലൂടെ മാത്രമേ ഇത് നടപ്പിലാക്കാനാവൂ .. ഇതിനായി എല്ലാ കുട്ടികൾക്കും ഫോട്ടോ പതിച്ച ലൈബ്രറി കാർഡ് നൽകാൻ തീരുമാനിച്ചു. കാർഡിന്റെ വിതരണോദ്ഘാടനവും വായനാദിന അസംബ്ലിയിൽ നടന്നു.8, 9, 10 ക്ലാസ്സ് പ്രതിനിധികൾക്ക് ഹെഡ്മിസ്ട്രസ്സിൽ നിന്ന് കാർഡ് ഏറ്റുവാങ്ങി. 

വായിച്ച പുസ്തകങ്ങളുടെ പേര് ക്രമമായി രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കാർഡ് രൂപകല്പന ചെയ്തത്.   8, 9, 10 ക്ലാസ്സുകാർക്ക് യഥാക്രമം നീല, റോസ്, മഞ്ഞ നിറങ്ങളിലുള്ള കാർഡ് നൽകിയത് പുസ്തക വിതരണത്തിന് ഏറെ സഹായകമായി മാറി. 
       
വളരണം ഒരു വായനാ സംസ്ക്കാരം

കുട്ടികളിൽ വായനാ സംസ്കാരം വളർത്തുന്നതിനു വേണ്ടി എല്ലാ ക്ലാസ്സുകാർക്കും ഒരു ലൈബ്രറി പിരിയഡ് മാറ്റി വച്ചത് ഏറെ ഫലം ചെയ്യുന്നുണ്ട്. ലൈബ്രറിയിൽ പോയി പുസ്തകമെടുക്കുകയും ലൈബ്രറിയിലിരുന്ന് നിശ്ശബ്ദമായി വായിക്കുകയും ചെയ്യുന്ന രീതിയിൽ ഒരു വായനാ സംസ്കാരം കുട്ടികളിൽ വളർന്നു വരാൻ തുടങ്ങിയിട്ടുണ്ട് .. ഈ വർഷം അവസാനമാകുമ്പോഴേക്കും നല്ല വായനാ സംസ്ക്കാരമുള്ളവരായി ഞങ്ങളുടെ കുട്ടികൾ മാറുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
         
മുപ്പത് ദിവസം - മുപ്പത് കഥ

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ശ്രദ്ധേയമായ കഥകൾ കുട്ടികളിലേക്കെത്തിക്കുന്നതിനു വേണ്ടി ആരംഭിച്ച  പദ്ധതിയിയാണ്   "മുപ്പത് ദിവസം - മുപ്പത് കഥ". സ്കൂൾ റേഡിയോ -വിദ്യാ വാണി -യിലൂടെ എന്നും ഉച്ചയ്ക്ക് 1.30 മുതൽ രണ്ടു മണി വരെയുള്ള സമയത്താണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്. പാഠപുസ്തകങ്ങളിൽ പരിചയപ്പെട്ട എഴുത്തുകാരുടെ കൂടുതൽ രചനകൾ പരിചയപ്പെടുന്നതിനും വായനയിൽ താല്പര്യം വളർത്തുന്നതിനും ഈ പരിപാടി സഹായകമാവുന്നു. 
      
സാഹിത്യ ക്വിസ് -ഡിജിറ്റൽ വേഷത്തിൽ

വായനാവാരത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ ക്വിസ്  ഏറെ പുതുമയാർന്നതായി. സിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് നടത്തിയ ഡിജിറ്റൽ ക്വിസ് കുട്ടികൾക്ക് പുതിയൊരനുഭവമായി മാറി. 8 സി ക്ലാസ്സിലെ മുഹമ്മദ് അൻസിഫ് ഒന്നാം സ്ഥാനവും 8 ബിയിലെ സന ഫാത്തിമ, 9 A യിലെ സ്മിയുഷ്ണ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.






സ്കൂളിലെ ക്ലാസ്സ് മുറികളെല്ലാം സ്മാർട്ട് ക്ലാസ്സുകളായതോടെ, അനുബന്ധ പരിപാടികൾ പോലും ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് നടത്താനാവുന്നു എന്നത് ഏറെ അഭിമാനകരമാണ്. ബഷീർ ദിനത്തിൽ ക്ലാസ്സ് തല ക്വിസ് മത്സരവും തുടർന്ന് സ്കൂൾ തല ക്വിസ് മത്സരവും ഇത്തരത്തിൽ നടത്തിയതും ഹൃദ്യമായ അനുഭവമായിരുന്നു. വ്യത്യസ്ത റൗണ്ടുകളായി നടന്ന ക്വിസ് മത്സരം ബഷീർ കഥാപാത്രങ്ങളെക്കുറിച്ചും  കൃതികളെക്കുറിച്ചും ആഴത്തിലുള്ള അവബോധമുണ്ടാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതും സഹായിക്കുന്നതുമായി മാറി.  ആഴ്ച തോറും നടത്തുന്ന പുസ്തക ചർച്ച കുട്ടികൾക്ക് ഏറെ ഗുണകരമാണ്.
          

ക്ലാസ്സ് വായനകൾ


സ്കൂൾ തല പ്രവർത്തനങ്ങൾക്കു പുറമേ ക്ലാസ്സ് തല പ്രവർത്തനങ്ങളും നടന്നു വരുന്നു. ക്ലാസ്സ് ലൈബ്രറികൾ സജീവമായി പ്രവർത്തിക്കുന്നു. കഥ -കവിത -പുസ്തകാസ്വാദനങ്ങൾ  ദിവസവും നടക്കുന്നു. കുട്ടികൾ ലൈബ്രറി നോട്ടുകൾ തയ്യാറാക്കി വരുന്നു.
        

ഭാവി


ഈ ഇന്റർനെറ്റ് യുഗത്തിൽ ഏറെയേറെ കൗതുകങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ട്. അതിനിടയിലും, പുസ്തകങ്ങളാണ് ഏറ്റവും നല്ല കൂട്ടുകാർ എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി അവരെ നല്ല വായനക്കാരാക്കി മാറ്റുക എന്നതാണ് ഞങ്ങൾ ഏറ്റെടുത്ത ലക്ഷ്യം.. ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ഫലം കാണാനാവില്ല എന്നറിയാം. നിരന്തര പ്രയത്നത്തിലൂടെ മാത്രമേ ഇത് സാധിക്കൂ.. അതു കൊണ്ട് തന്നെയാണ് വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്.